Sunday 28 April 2013

മുടി മുറി മാമാങ്കം


ഇന്ന് മുടി മുറിക്കാന്‍ പോയപ്പോള്‍ ബാര്‍ബര്‍ഷാപ്പിലെ(ഷോപ്പ് എന്ന് പറയുന്നത് രണ്ടിടങ്ങളില്‍ ഇല്ല-ബാര്‍ബര്‍ ഷോപ്പ് ,കള്ള് ഷോപ്പ്) ദൂരദര്‍ശിനിയില്‍ മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലെ സുരാജ് വെഞ്ഞാറംമൂടിന്‍റെ ഡയലോഗ് കേട്ടു!

"വീട് പോയിട്ട് ജില്ലയേതാന്നു പോലും ഓര്‍മ്മയില്ല"

ഞാന്‍ കസേരയില്‍ ഇരുന്നപ്പോള്‍ എനിക്ക് മൂത്രമൊഴിക്കാന്‍ തോന്നി.പക്ഷെ അപ്പോഴേയ്ക്കും ഹിന്ദിക്കാരന്‍ ബാര്‍ബര്‍ എന്‍റെ മുകള്‍ നിലയിലെ രണ്ടു ...നിര കുടുക്കകള്‍ അഴിച്ചു കോളര്‍ മടക്കിത്താഴ്ത്തി നാലിഞ്ചു വീതിയിലുള്ള കടലാസ് ബെല്‍ട്ട്‌ കഴുത്തിനു ചുറ്റും കുടുക്കിവച്ച് പുള്ളി ലുങ്കി പോലുള്ള ഒരു തുണി കായലില്‍ വലവീശുന്നത് പോലെ ഒരു വീശു വീശി എന്‍റെ കഴുത്തില്‍ കെട്ടി വെള്ളം സ്പ്രേ ചെയ്ത് മുടി മുറിക്കാന്‍ തുടങ്ങി.

ഒട്ടും താളബോധമില്ലാത്തവന്‍.ചുമ്മാ ചക ചകാന്നു വെട്ടി അയാള്‍ എന്‍റെ മുടി കറങ്ങുന്ന കസേരക്ക് ചുറ്റും നിമിഷങ്ങള്‍ക്കുള്ളില്‍ നിറച്ചു.ഒരിത്തിരി കഴിഞ്ഞപ്പോള്‍ കത്രിക വിരലില്‍ കുടുക്കി "ബസ്" എന്ന് എന്നോട് ചോദിച്ചു.ഞാന്‍ "ബസ്,ബസ്" എന്ന് പറഞ്ഞു ഞാന്‍ തടിതപ്പാന്‍ നോക്കി.ഒന്നാമത് മൂത്രമൊഴിക്കാന്‍ സാമാന്യം നന്നായി തോന്നാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നു.

ബാര്‍ബര്‍ പിന്നെയൊന്ന് കൈകൂപ്പി,നേരെ എന്‍റെ തലയില്‍ ക്ലക്ക് ക്ലക്ക് എന്ന ശബ്ദത്തോടെ അടിക്കാന്‍ തുടങ്ങി.ആദ്യ അടിയില്‍ത്തന്നെ എന്‍റെ തലച്ചോറ് കുലുങ്ങി.പിന്നെയൊരു കൂട്ടപ്പൊരിച്ചലായിരുന്നു.അയാള്‍ എന്‍റെ മുടി പിടിച്ചു വലിച്ചു.പിടിച്ചു പറിക്കാന്‍ ശ്രമിച്ചു.കഴുത്തിനു പിന്‍ഭാഗത്ത് ശക്തമായി അടിക്കാന്‍ തുടങ്ങി.ഇടയ്ക്ക് കൈകൂപ്പി ക്ലക്ക് ശബ്ദത്തോടെ തലയിലാകെ അടിച്ചു..മൂക്ക് പിഴുതു..നെറ്റിയില്‍ വിരലുകൊണ്ടമര്‍ത്തി,കവിളില്‍ നുള്ളി നുള്ളി ചുവപ്പിച്ചു..ശരീരം വല്ലാണ്ട് കുലുങ്ങിയപ്പോള്‍ അയാളോട് നിര്‍ത്താന്‍ പറഞ്ഞു.മൂത്ര സഞ്ചി ഏതാണ്ട് പൊട്ടാറായി."ഏക്‌ മിനിട്ട് ഭായ് " എന്ന് പറഞ്ഞ് അയാള്‍ എന്‍റെ ചുമലില്‍ ശക്തിയായി അമര്‍ത്താന്‍ തുടങ്ങി.വിരലുവച്ചു ഞെരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അലറി.തോളില്‍ സാമാന്യം വലിയൊരു കുരു അയാള്‍ ഞെരിച്ചു പൊട്ടിച്ചു.

പുതിയ ആളാ-മസാജു പഠിച്ചു വരുന്നതേ ഉള്ളൂ എന്ന് മലയാളി മൊയലാളി എനിക്ക് വിശദീകരണം നല്‍കി.എന്‍റെ ഭാവം കണ്ടപ്പോള്‍ തോക്ക് ചൂണ്ടി അയാള്‍ ഷര്‍ട്ടില്‍ പറ്റിയ മുടി പാറിച്ചു കളഞ്ഞു.പണവും കൊടുത്ത് കാറില്‍ കയറുമ്പോള്‍ സുരാജ് പറഞ്ഞ ഡയലോഗ് വീണ്ടും മുഴങ്ങി

"വീട് പോയിട്ട് ജില്ലയേതാന്നു പോലും ഓര്‍മ്മയില്ല"