Saturday 31 December 2011

പുതുവര്‍ഷം

തൊട്ടില്‍പ്പാലം കെ .ഡി. സി ബാങ്ക്
ഓളെ പൊന്നു വച്ചത്
ഓളെ അച്ഛന്‍
കല്ലാച്ചിയിലെ അശോകന്‍
ഇന്റെ കൊച്ചിയിലെ ക്രിസ്റ്റോ
പിന്നെ ചെറിയ ചെറിയ
കൊടുക്ക്വോനുള്ള എല്ലാര്‍ക്കും
കൊടുത്ത് തീര്‍ക്കാണ്ട് ...!

ഹൃദയത്തിലേക്ക് രണ്ടു ഞരമ്പുകള്‍
പണിമുടക്കിയെങ്കിലും
ആധിയാക്കുഴലിലൂടെ
ഹൃദയവും കടന്ന് അമ്മയുടെ
തലച്ചോറിനെ പൊള്ളിക്കും.
ഫോണിനപ്പുറം എന്റെ
കാതിലീ ശബ്ദം
മദ്യശാലയിലെ ബഹളങ്ങളോടൊപ്പം
കലഹിച്ചു പിരിയും!

ഇന്നോടെന്തോ പറയാനുണ്ട്
എന്ന് പറഞ്ഞു പെങ്ങള്‍ക്ക്
കൊടുക്കുമ്പോള്‍
അറവു പണ്ടമായിട്ടും
വിറ്റുപോകാത്തവളുടെ
ചൂരെന്റെ മൂക്കിലടിക്കും!

പാതിരായ്ക്ക്
സങ്കടം ചീര്‍ത്ത
കിടക്കയില്‍നിന്നൊര
രൂപിയായ ചുണ്ടെന്നെ
ചുംബിക്കുമ്പോള്‍
വാമഭാഗം ഉറങ്ങിയിട്ടുണ്ടാകും!

പോയകാലത്തിന്റെ
തിരുശേഷിപ്പുകള്‍
കാലു കുത്താനിടയില്ലാതെ
കരള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍
പിന്നെയും പഴകിയ
ഒരു പുതുവര്‍ഷം ജനിക്കുന്നു!

Thursday 1 December 2011

വൃദ്ധ ചിന്തകള്‍!!

പ്രണയമൊഴിഞ്ഞു നീ
നടന്നകന്നപ്പോള്‍
കൈതട്ടി ,കരള്‍തട്ടി
തിരികെ വിളിച്ചത് ,
വൃദ്ധസദനത്തിന്‍റെ
ഉമ്മറത്തരുന്ന്
വരുന്ന
പാപിജന്മങ്ങളെ
തനിച്ചിരുന്നെണ്ണാന്‍
മടിയായതുകൊണ്ടാണ് ...