Tuesday 24 May 2011

നാടന്‍ കഥകള്‍ തുടരും

പ്രിയരേ ,
പലരും പലതും എഴുതിയിട്ടുണ്ട് ..അതില്‍ ഏറ്റവും കൂടുതല്‍ പ്രേമത്തെപറ്റിയായിരിക്കും എഴുതിയിട്ടുണ്ടാവുക ദുഃഖം ,പ്രാരബ്ധം തുടങ്ങിയ ഇനങ്ങള്‍ വേറെയും.മറ്റൊരിനം നാടാണ് .ഞാന്‍ എന്‍റെ നാട്ടിനെപറ്റി എഴുതാന്‍ പോകുന്നു!

നാടിന്‍റെ ഭംഗി എല്ലാവരും എഴുതുന്നതുപോലെ ഭയങ്കര ഭംഗിയാണ്.പിന്നെ പതിവുപോലെ നാട്ടുകാര്‍ ഭയങ്കര നിഷ്കളങ്കരും.എന്‍റെ നാട്ടിലേക്ക് പ്രവേശിക്കാന്‍ ആദ്യം വലിയൊരു പാലം കടക്കണം. പണ്ട് ആ പാലം പൊട്ടിപൊളിഞ്ഞപ്പോള്‍ അക്കരെ കടക്കാന്‍ പുഴയിലൂടെ നടക്കണം .വേനലായത് കൊണ്ട് വെള്ളം നന്നേ കുറവാണ് .കുറേപേര്‍ ചേര്‍ന്ന് പൂഴിചാക്കുകള്‍ നിരത്തിയതുകൊണ്ട് അതിന്മേലെ കൂടി മെല്ലെ നടന്ന് വെള്ളം തൊടാതെ അക്കരെ പറ്റും.

കഥാനായകന്‍ ബാര്‍ബര്‍ രാജേട്ടന്‍ പണികഴിഞ്ഞു ഷാപ്പില്‍ പോയി രണ്ടു മൂത്തതും മോന്തി പിന്നെ ഇളയതോ ,പൊടിയോ എന്നുനോക്കാതെ വയറുനിറച്ച് അങ്ങാടിയില്‍ കൂടി നടക്കുമ്പോള്‍ ഒരുഗ്രന്‍ വേനല്‍ മഴ പെയ്തു.ഓടിയാണോ ,ചാടിയാണോ ,ഇഴഞ്ഞാണോ എന്നറിയില്ല അദ്ദേഹം ഒരു ഉണക്കുമീന്‍ കടയുടെ ഓരം പറ്റിനിന്നു.ഉണക്കലിന്‍റെ മണം രാജേട്ടനെ മത്തുപിടിപ്പിച്ചു .ഭാര്യയുടെ തെറിയോടൊപ്പം ഉണക്കചാള ...ഒന്നും നോക്കിയില്ല ..അരകിലോ തന്നെ വാങ്ങിച്ചു .മഴ മെല്ലെ അടങ്ങി വരുന്നു .രാജേട്ടന്‍ ചാളയും കൊണ്ട് ആടി ആടി പുഴ കടക്കാന്‍ തുടങ്ങി.

മഴയില്‍ പുഴയിലെ വെള്ളം കുത്തിയൊലി ക്കുന്നുണ്ടായിരുന്നു.നിരത്തിയി
ട്ട പൂഴിചാക്കിനു മുകളിലൂടെ പിച്ചവെച്ചു നടക്കുമ്പോള്‍ കാലിടറി രാജേട്ടന്‍ ഒഴുക്കിലേക്ക്‌ വീണു .വീണ വീഴ്ചയില്‍ ഉണക്ക്ചാള വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞ് പറഞു"പോയി രക്ഷപ്പെട് മക്കളെ".അങ്ങനെ ചാളകളെ ജീവിതത്തിലേക്ക് വിട്ട് രാജേട്ടന്‍ ഒഴുകി നീങ്ങി .ഇഷ്ടദേവനായ മുത്തപ്പനെ വിളിച്ചു ജീവന് വേണ്ടി യാചിച്ചു"മുത്തപ്പാ ,എന്‍റെ കയ്യിലുള്ള 300 രൂപ ഞാന്‍ നാളെ നിനക്ക് തരാമേ,എന്നൊയൊന്നു രക്ഷിക്കൂ "പറഞ്ഞു തീര്‍ന്നില്ല ,ഏതോ ഒരു പിടിവള്ളികിട്ടി.തൂങ്ങികിടക്കുന്നതിനിടയില്‍ രാജേട്ടന്‍ മുത്തപ്പനോട്‌ ചോദിച്ചു "അല്ല മുത്തപ്പാ,നിനക്കറിയില്ലേ ഈ 300 രൂപ ചിട്ടിക്കാശാണെന്ന്,അത് നിനക്ക് തന്നാല്‍ ഞാന്‍ എന്ത് ചെയ്യും ?"പറഞ്ഞു തീര്‍ന്നില്ല പിടിവള്ളി വിട്ട് വീണ്ടും ഒഴുകിയപ്പോള്‍ രാജേട്ടന്‍ മുത്തപ്പനോട്‌ പരിഭവിച്ചു "നിന്നോട് ഒരു തമാശയും പറയാന്‍ പറ്റാതെയായോ?

പിറ്റേന്ന് രാവിലെ രാജേട്ടന്‍ കണ്ണ് തുറന്നപ്പോള്‍ ലുങ്കി മാറോളം കെട്ടി ഒരുവള്‍ സോപ്പിട്ടു കുളിക്കുന്നു .കണ്ണ് തിരുമ്മി ഒന്നുകൂടി നോക്കുമ്പോള്‍ "നിനക്ക് കാണുന്നില്ല അല്ലേടാ "എന്ന് ആക്രോശിച്ച് ആ സ്ത്രീ ഒന്ന് കുനിഞ്ഞു .പിന്നെ ഗവ:ആശുപത്രിയില്‍ നിന്ന് നവാസിന്‍റെ നീളമുള്ള ജീപ്പില്‍ ചരിഞ്ഞു കിടക്കുമ്പോള്‍ രാജേട്ടന്‍ അദേഹത്തിന്‍റെ ഭാര്യയുടെ ശബ്ദം കേട്ടു"ആ പടച്ചി ജാനു കുളിക്കുന്നതാ ഇയാള് എത്തിനോക്കിയത്".രാജേട്ടന് പണ്ടേയുള്ള ഒരു മോഹമായിരുന്നു ,ജാനുവിനെ ഒന്ന് കാണണമെന്ന് .തലേന്നത്തെ പിടുത്തവും ജാനുവിന്‍റെ കല്ലേറിനുമിടയിലുള്ള ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍ അദേഹത്തിന് കഴിഞ്ഞില്ല.

കാവിലുംപാറ കള്ളുഷാപ്പ് നമ്പര്‍ 65 ന്‍റെ ഇടത്തെ മൂലയിലെ ബെഞ്ചിലിരുന്നു എന്നോട് ഈ കാര്യം പറയുമ്പോള്‍ പുറത്തു നല്ല മഴയായിരുന്നു.ഇപ്പോഴാണ് ഈ സംഭവം നടക്കുന്നതെങ്കില്‍ ,പാലം പുതുക്കി പണിതില്ലായിരുന്നെങ്കില്‍ ആ മലവെള്ളപാച്ചിലില്‍ ഒഴുകി രാജേട്ടന്‍ അറബിക്കടലില്‍ എത്തിയേനെ.മത്സ്യകന്യകയുടെ കുളിസീന്‍ കണ്ടാല്‍ ശിക്ഷ എന്താണാവോ?

Thursday 19 May 2011

തുടക്കം

പ്രിയപ്പെട്ടവരേ ,
ബ്ലോഗുകളുടെ ഒരു (T)സുനാമി തന്നെ വീശിയടിച്ച്,അതില്‍ അതിജീവിച്ചവരും, വികലാഗരായവരും ,മരണപ്പെട്ടവരും ഒക്കെ ഉണ്ടെന്ന പരമാര്‍ത്ഥം എനിക്കറിയാം !
എങ്കിലും ആത്മസുഖത്തിന് ഞാന്‍ ഒരു സ്വയംബ്ലോഗ്‌ ഇടുകയാണ് .എന്നെ അനുഗ്രഹിച്ച്,എല്ലാ ദിവസവും ഇതിലൊന്ന് എത്തിനോക്കി
സഹകരിക്കുമെന്ന് അഹങ്കരിക്കുന്നു .