Wednesday, 20 July 2011

ചോയിയേട്ടന്‍


കണ്ടക്റ്റര്‍ ആകെ ദേഷ്യത്തിലാണ് .ബസ്സില്‍ ആകെ അഞ്ചാറു പേര്‍ കയറിയിട്ടുണ്ട്.അതില്‍ മുക്കാലും പി.സി കളാണ് .കൈനീട്ടം മുറിക്കാന്‍ പോലും ഒരാളില്ലേ എന്ന് തപ്പുമ്പോള്‍ ഒരു സീറ്റില്‍ മുടിനരച്ച ഒരാള്‍ ഇരിക്കുന്നു.സീറ്റില്‍ ചാരിനിന്ന് എങ്ങോട്ടാന്നു ചോദിച്ചപ്പോ അയാള്‍ പറഞ്ഞു
"പി .സി ".
കണ്ടക്റ്റര്‍ ഒച്ചയുയര്‍ത്തി അയാളോട് ചോദിച്ചു,
"എന്ത് പി. സി,യാത്രക്കാര്‍ എല്ലാവരും പി. സി എന്നുപറഞ്ഞാല്‍ ഞാന്‍ എവിടെപോകും ?"
അയാള്‍ കീശയില്‍ നിന്നും കാശെടുത്ത് കണ്ടക്റ്ററോട് കളിയാക്കി ചോദിച്ചു "താനെന്തിനാ ചൂടാകുന്നെ ,ഞാന്‍ പി.സി തന്നാ-പുഴക്കല്‍ ചോയി ."
കണ്ടക്റ്റര്‍ക്ക് ചോയിയേട്ടനെ ശ്ശി പിടിച്ചു .അങ്ങനെ അടുത്തിരുന്ന് ചോയിയേട്ടനുമായി അടുത്തു .കുറച്ച് ദൂരം ചെന്നപ്പോള്‍ ചോയിയേട്ടന്‍റെ കമ്പനിക്കാരന്‍ കണാരേട്ടന്‍ കള്ളുഷാപ്പിന്‍റെ മുപില്‍ നില്‍ക്കുന്നു.ചോയിയേട്ടന്‍റെ മനസ്സില്‍ ഒരു കള്ളുംകുടം പൊട്ടി !മൂപ്പര്‍ കണ്ടക്റ്ററെ അടുത്തു വിളിച്ചു പറഞ്ഞു.

"അതേയ് ,എന്‍റെ ചങ്ങായി കണാരന്‍ കള്ളുഷാപ്പില്‍ പോകേണ്ട പരിപാടിയാ,മണിയടിക്ക്,എനിക്കിവിടെ ഇറങ്ങണം."

ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സാണിതെന്നും,ഡ്രൈവര്‍ മഹാ പെശകാണെന്നും കണ്ടക്റ്റര്‍ ഒഴിവു പറഞ്ഞു നോക്കി .അപ്പൊ ചോയിയേട്ടന്‍ ഒരു പോംവഴി പറഞ്ഞു.

"ഡ്രൈവര്‍ കേള്‍ക്കാതെ മെല്ലെ ഒരു മണികൊടുക്ക്..ഞാന്‍ ചാടി ഇറങ്ങിക്കോളാം"

ഇമ്മാതിരി ഒരു സാധനമാണ് ചോയി.നാട്ടിലെ ചോയിയേട്ടന്‍.മൂപ്പര്‍ പറയുന്ന കാര്യങ്ങള്‍ എന്തുതന്നെയായാലും അതില്‍ നര്‍മ്മമുണ്ടാകും .മാത്രമല്ല ഭയങ്കര പൊട്ടികണ്ണാണ് ആള്‍ക്ക്.താറിനേക്കാള്‍ കറുത്ത കരിനാക്കുമുണ്ട്.

ഞാന്‍ ആദ്യം ചോയിയേട്ടനെ കാണുന്നത് എന്‍റെ വീട്ടില്‍ വച്ച് തന്നെയാണ് .വീട്ടില്‍ ഒരു മുയല്‍ കുറെ കുഞ്ഞുങ്ങളെ പെറ്റിട്ടു.നല്ല വെളുവെളുത്ത അമ്മമുയല്‍ അതിലേറെ വെളുത്ത കുഞ്ഞു മുയലുകളെ മുലയൂട്ടുകയാണ് !ഈ കാഴ്ചയാണ് ചോയിയേട്ടന്‍ കാണുന്നത് ."വെള്ളപിഞ്ഞാണം നിലത്തു വീണത്‌ പോലുണ്ട്. "രണ്ടു ദിവസത്തിനുള്ളില്‍ അമ്മമുയലിനെയടക്കം കുറുക്കന്‍ പിടിച്ചു തിന്നു.അതാണ്‌ ചോയിയേട്ടന്‍റെ നാക്ക്.

ഒരു ദിവസം ചോയിയേട്ടന്‍ അങ്ങാടിയില്‍ നില്‍ക്കുമ്പോള്‍ ഒരു കാഴ്ചകണ്ടു.നാലഞ്ചു കറുത്ത ആളുകള്‍ ബസ്റ്റോപ്പിലെ ബഞ്ചില്‍ നിരനിരയായി ഇരിക്കുന്നു.അടുത്തുനിന്ന ഒരാളെ തോണ്ടി ചോയിയേട്ടന്‍ ബസ്റ്റോപ്പിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു

"നോക്കെടോ ,കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ അരിഷ്ട്ട കുപ്പി വച്ചത് പോലുണ്ട് ..ല്ലേ ?"

ബസ്റ്റോപ്പില്‍ ഇരുന്ന ആളുകളില്‍ ഒരാളെ പിറ്റേന്ന് കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മുന്‍പില്‍ വച്ച് ഓട്ടോ ഇടിച്ചത്രേ !!

ചോയിയേട്ടനെ ഏറ്റവും പേടി അമ്മദിനായിരുന്നു.കാരണം അമ്മദ് ഭയങ്കര പൊക്കത്തിനുടമയാണ് .കരിനാക്ക് വളച്ച് ആ പഹയന്‍ തന്നെക്കൊണ്ട് ഒന്നും പറയരുതേ പടച്ചോനെ എന്ന് അമ്മദ് ചോയിയേട്ടനെ കാണുമ്പോള്‍ ഒക്കെ അള്ളാനോട് പറയും
.അമ്മദിന് നേരെ വിപരീതം വേറെ ഒരാള്‍ ഉണ്ട്. .ചെക്കോട്ടി.തടിച്ചു പൊക്കം കുറഞ്ഞ് ഏതാണ്ട് അമ്മദിന്‍റെ കാല്‍മുട്ട് വരയെ ആള്‍ ഉള്ളൂ .ഒരു ദിവസം അമ്മദ് ചെക്കോട്ടിയുടെ കയ്യും പിടിച്ചു നടന്നു പോകുന്നത് ചോയിയേട്ടന്‍ കണ്ടു .ഇത് കണ്ടുനിന്നവര്‍ക്ക് ആധിയായി.ഒന്നുകില്‍ ചെക്കോട്ടി അല്ലെങ്കില്‍ അമ്മദ്.രണ്ടിലൊരാളുടെ കാര്യം ഇപ്പൊ തീരുമാനമാകും.അപ്പോഴേക്കും അമ്മദിനോട് ചോയിയേട്ടന്‍റെ ചോദ്യം വന്നു .

"എവിടെക്കാ അമ്മദേ പെട്രോള്‍മാക്സും തൂക്കി പിടിച്ച്?"

ചെക്കോട്ടി പനിപിടിച്ചു ഗവ:ആശുപത്രിയില്‍ കിടപ്പിലായപ്പോള്‍ അമ്മദ് ബണ്ണും വാങ്ങി ചെക്കൊട്ടിയെ സന്ദര്‍ശിക്കാന്‍ പോയി.പഴകിദ്രവിച്ച സീലിംഗ് ഫാന്‍ തലയില്‍ പൊട്ടിവീണ് എട്ടു തുന്നോട് കൂടി ഇനിയൊരാപത്തു വരാന്‍ പാടില്ല എന്ന നിശ്ചയത്തോട് കൂടി അമ്മദ് മെഡിക്കല്‍ കോളേജിന്‍റെ പൊട്ടിവീഴാന്‍ പാകമായ കട്ടിലും,ഫാനും ഉപേക്ഷിച്ച് പത്രം തറയില്‍ വിരിച്ച് വരാന്തയില്‍ കിടന്നു .അതുവഴിപോയ ഒരു തലതെറിച്ച ചെക്കന്‍ ക്രിക്കറ്റ്ബോള്‍ ഭിത്തിയിലെറിഞ്ഞു പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബോള്‍ വഴുതി അമ്മദിന്‍റെ തുന്നിക്കെട്ടിയ തലയില്‍ പതിച്ചു.
പാവം ചോയിയേട്ടന്‍ അമ്മദിന്‍റെ വിവരമറിയാന്‍ മെഡിക്കല്‍ കോളെജിലേക്ക് അങ്ങാടിയില്‍ നിന്നും ബസ്സില്‍ കയറി .

Monday, 11 July 2011

കുമാരദാമ്പത്തികചരിതം

കുമാരന് ചില ചിന്തകളും കാഴ്ചപ്പാടുകളും സ്വന്തമായി തന്നെയുണ്ട്‌.വളരെ വിചിത്രമായി തോന്നിയ ഒരു കാഴ്ച്ചപ്പാട് മൂപ്പരുടെ ദാമ്പത്യത്തെ കുറിച്ചാണ് .അതായത് ഭാര്യ എന്ന് പറഞ്ഞാല്‍ പ്രസവിക്കാനുള്ളതും മക്കളെ വളര്‍ത്താനുള്ളതും ആയ
ഒരു യന്ത്രമാണ് .രണ്ടുപ്രാവശ്യം ഭാര്യയെ ഉപദ്രവിച്ചത്രേ .ഒരു ചെക്കനും പെണ്ണും ഭൂമികണ്ടു.പിന്നെയെന്ത് എന്ന് ചോദിച്ചപ്പോ കുമാരമൊഴി ഇങ്ങനെ
"അയ്യേ ,സ്വന്തം ഭാര്യയെ അങ്ങനെയൊക്കെ ചെയ്യുകയും കാണുകയും ചെയ്യുന്നത് ...."
അതുകൊണ്ട് നാട്ടിലെ മറ്റുള്ളവരുടെ ഭാര്യമാരെ ഭര്‍ത്താക്കന്മാര്‍ കുമാരദര്‍ശനം നടത്താന്‍ അനുവദിക്കാറില്ല.
.
കുത്തിയൊലിച്ച പുഴയിലൂടെ ഞാന്‍ സാധാരണ അനായാസം നീന്തി കടക്കുമായിരുന്നു.പക്ഷെ അന്ന് സാധിച്ചില്ല.ഭാസ്കരേട്ടന്‍ എന്‍റെ കയ്യും കാലും തളര്‍ത്തിക്കളഞ്ഞു .

കുമാരന്‍ ഒരു ദിവസം കടയിലിരിക്കുമ്പോള്‍ ഒരാള്‍ കടയിലേക്ക് കയറി വന്ന് ഒരു പുസ്തകം കൊടുത്തു പറഞ്ഞു

"നോക്കണം സാര്‍ ,ആ പുസ്തകമൊന്നു മറിച്ച് നോക്കണം സാര്‍ ."

ജീവിതത്തില്‍ ആദ്യമായി സര്‍ വിളി കേള്‍ക്കുകയായിരുന്നു ,കേട്ടുകുളിരുകയായിരുന്നു കുമാരന്‍.മറിച്ചുനോക്കാന്‍ കാശ് വേണ്ടയെന്നുപറഞ്ഞത്‌ കൊണ്ട് .കുമാരന്‍ പേജുകള്‍ മറിച്ചു.അതില്‍ മോഹന്‍ലാല്‍ മമ്മൂട്ടി ജയറാം തുടങ്ങിയ താരങ്ങളും,കുറെ ചത്തുപോയതും അല്ലാത്തതുമായ മന്ത്രിമാരും മറ്റും പുസ്തകം കൊണ്ടുവന്ന വിദ്വാന്‍റെ കൈപിടിച്ച് ചിരിക്കുന്നു.കുമാരന്‍ അയ്യാളുടെ മുഖത്തേക്ക് നോക്കി.അപ്പോള്‍ അയാള്‍ പറഞ്ഞു

"സാര്‍ ,ഞാന്‍ മോഹന്‍ലാലിന്‍റെ കൈരേഖ നോക്കി പറഞ്ഞു .മമ്മൂട്ടി, മന്ത്രിമാര്‍ തുടങ്ങിയവരുടെ കയ്യും നോക്കി പറഞ്ഞു ..എല്ലാം ശരി.ശരിയായതുകൊണ്ട് അവര്‍ എന്‍റെ കൂടെ നിന്നു ഫോട്ടോ എടുക്കാന്‍ സമ്മതിച്ചു ."

ഫോട്ടോ സഹിതം തെളിവുനിരത്തിയിരിക്കുന്നു കൈനോട്ടക്കാരന്‍ .കുമാരന്‍ കുറെ ചിന്തിച്ചു .എന്തായാലും തന്‍റെ കച്ചവടം അവിടെത്തന്നെ കിടക്കും.കുട്ടികള്‍ വലുതാകും,അവര്‍ പഠിക്കും ,ജോലി കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യും ,ഒരിക്കല്‍ മരിക്കും .ഇതിലപ്പുറം ഒരു മനുഷ്യന് എന്ത് ഭാവി എന്ത് ഭൂതം ? പത്തുരൂപയ്ക്ക് അറിയാന്‍ മാത്രമുള്ള സംഭവങ്ങള്‍ എന്തെങ്കിലും തന്‍റെ ജീവിതത്തില്‍ നടക്കുന്നുണ്ടെങ്കില്‍ അത് താന്‍ സഹിക്കുമെന്ന് കൈനോട്ടക്കാരന്‍റെ മുഖത്തു നോക്കി കുമാരന്‍ പറഞ്ഞു . കൈനോട്ടക്കാരിറക്കുന്ന ചതിയില്‍ പിന്നെ കുമാരനും വീണു.കൈനോട്ടക്കാരന്‍ പറഞ്ഞു

"സാര്‍ ,ഒരു സ്ത്രീ താങ്കളെ വശീകരിക്കാന്‍ ശ്രമിക്കുന്നതായി മുഖലക്ഷണം പറയുന്നു.ഹസ്തരേഖ നോക്കി ഞാന്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് പറഞ്ഞുതരാം ."

കുമാരനിലെ പുരുഷന് ആവേശവും ,കുമാരനിലെ പിശുക്കന് സന്ദേഹവും തോന്നി.ഒരുത്തി എന്തായാലും വരും എന്ന് മനസിലായി,പിന്നെയെന്തിന് പത്തു രൂപ കളയണം.അതാരാന്നറിഞ്ഞാല്‍ ആരാധിച്ചു തുടങ്ങാം ..എന്നാലും വായിനെക്കൊണ്ട് പറയുന്നതിന് പത്തു രൂപ..കുമാരന്‍റെ ചിന്തകള്‍ കാടുകടന്നു.
കൈനോട്ടക്കാരന് തന്‍റെ പണി അറിയില്ലെങ്കിലും ഒരുത്തനെ കണ്ടാല്‍ മനസിലാക്കാനുള്ള കഴിവുണ്ടായിരുന്നു.ഏതെങ്കിലും ഒരു സ്ത്രീയെ പറഞ്ഞാല്‍ പിന്നെ കുമാരന്‍ രൂപതരില്ലെന്നയാള്‍ക്കുറപ്പായി
രുന്നു .അതുകൊണ്ട് രൂപ മേശപ്പുറത്തു വെക്കാന്‍ അയാള്‍ കുമാരനോടു പറഞ്ഞു.
ആളെ പറഞ്ഞാല്‍ തെറ്റിപ്പോയി എന്നോ ,സാധ്യത ഇല്ലായെന്നോ പറഞ്ഞു രൂപ തനിക്കെടുക്കാമെന്ന് കുമാരനും കരുതി..അങ്ങനെ മേശപ്പുറത്തു കുമാരന്‍ രൂപവച്ചു.കുമാരന്‍ കൈമലര്‍ത്തി .കൈനോട്ടക്കാരന്‍ ലെന്‍സെടുത്തു കൈവെള്ളയില്‍ നോക്കി പറഞ്ഞു

"മുണ്ടഴിക്കണം".
കുമാരന്‍ ദേഷ്യത്തോടെ ചോദിച്ചു
"എന്തിനാ മുണ്ടഴിക്കുന്നത്,കൈവെള്ളയിലല്ലേ രേഖയുള്ളത്‌"?
"കൈവെള്ളയിലെ രേഖ മുഴുവന്‍ മുണ്ടിനടിയിലെ അവയവത്തില്‍ പതിഞ്ഞു പോയി ".
എന്ന് പറഞ്ഞു കൈനോട്ടക്കാരന്‍ പത്തു രൂപ കീശയിലിറക്കിയത് കുമാരന്‍ കണ്ടുനിന്നു .
കുമാര ബ്രഹ്മചാരിയുടെ മൈഥുന രേഖകള്‍
ഓര്‍ത്ത്‌ പുഴക്കരയില്‍ കിടന്നുരുണ്ട് ഞാന്‍ നിലവിളിച്ചു.

Saturday, 2 July 2011

കുമാരചരിതം: ഒന്നാം ഭാഗം

നാട്ടിലിപ്പോള്‍ നല്ല മഴയാണ് .അവിടുത്തെ മഴയ്ക്ക് ഒരു പ്രത്യേകതയുണ്ട് .ലോകത്തെവിടെ മഴയില്ലെങ്കിലും അവിടെയുണ്ടാകും.!അതും തകര്‍പ്പന്‍ മഴ.അതുകൊണ്ടുതന്നെ നാടിനെ ഒരു മഴഗ്രാമമായി വേണമെങ്കില്‍ കണക്കാക്കാം . .ചെറിയ ചെറിയ പുഴകളാല്‍ അലംകൃതമാണവിടം .പലപ്പോഴും മലവെള്ളപാച്ചിലില്‍ പുഴയ്ക്കു കുറുകെയുള്ള തടിപ്പാലം ഒഴുക്കില്‍ പെട്ട് പോകും.അങ്ങനെ രണ്ടു കരകള്‍ മലവെള്ളമടങ്ങുന്നത്‌ വരെ തനിച്ചിരിക്കും.

അങ്ങനെയൊരു മഴക്കാലത്ത് തനിച്ചായ ഒരു കരയ്ക്ക്‌ മീതെ ഞാന്‍ ഇരിക്കുമ്പോള്‍ ഭാസ്കരേട്ടനും വന്നു.എന്‍റെ നാട്ടിലെ ചിരി യന്ത്രമാണ് ഭാസ്കരേട്ടന്‍.മഴയുണങ്ങി വരുന്നതും പുഴ തെളിഞ്ഞുവരുന്നതും കാത്ത് ഞങ്ങള്‍ ഇത്തിരി മാറി ഒരു വിറകുപുരയില്‍ കയറി നിന്നു.ആ ചിരിയെന്ത്രം പണി തുടങ്ങിയപ്പോള്‍ ഞാന്‍ നിലവിളിച്ചു ചിരിച്ചത് മഴയും പുഴയും കൊണ്ടുപോയി.

കച്ചോടക്കാരന്‍ കുമാരന്‍റെ പിശുക്കിന്‍റെ ആധാരവും അടിയാധാരവും അന്നെനിക്ക് ഭാസ്കരേട്ടന്‍ കാണിച്ചു തന്നു.ആള് വന്‍ ജന്മിയാണ്.ഇനി അദേഹത്തിന്‍റെ വസ്തു ആര്‍ക്കും വാങ്ങുവാണോ വില്‍ക്കുവാനോ സാധിക്കില്ല.അതെന്തു കൊണ്ടാണെന്ന് നിങ്ങള്‍ക്ക് വഴിയെ മനസിലാകും.

കുമാരന് ഒരു കടയുണ്ട്.അത്യാവശ്യം വേണ്ട എല്ലാ സാധനങ്ങളും അവിടെയുണ്ടാകും.അതുകൊണ്ടുതന്നെ കട തിങ്ങിവിങ്ങി നില്‍ക്കുന്നതുപോലെ തോന്നും.വീടിനോട് ചേര്‍ന്ന് കുറച്ച് മാറിയാണ് കട.ഉച്ചയ്ക്ക് ചോറുണ്ണാന്‍ വീട്ടിലേക്കു പോകുമ്പോള്‍ ഭാര്യയോ മകനോ കടയിലിരിക്കും.

ഒരുദിവസം മകനെയും കടയിലിരുത്തി കുമാരന്‍ ചോറുണ്ണാന്‍ പോയി തിരിച്ചുവന്നപ്പോള്‍, ചെക്കന്‍ രണ്ടുവിരല്‍ ചുണ്ടോട് ചേര്‍ത്തുവച്ച് പാന്‍ പരാഗ് നീട്ടി തുപ്പുന്നു.കുമാരനിലെ പിതാവും ,കുമാരനിലെ പിശുക്കനും ഉണര്‍ന്നു.അയാള്‍ മകനോട്‌ പറഞ്ഞു

"മോനേ ,ഒന്നാമത് ഇത് ശരീരത്തിന് നല്ലതല്ല.പിന്നെ നീയിതു ശീലിച്ചാല്‍ അരി വാങ്ങുന്ന ചെലവും ഇത് വാങ്ങുന്ന ചെലവും അച്ഛന് താങ്ങാനാവില്ല ".

ചെക്കന്‍ ഇതെത്ര കേട്ടതാ എന്ന മട്ടില്‍ നിന്നപ്പോള്‍ അയാള്‍ക്ക്‌ കലി കൂടി .

"എടാ ,നിനക്കൊക്കെ ഒരു വിചാരമുണ്ടാകും ,ഇതൊന്നും എനിക്ക് തിന്നാനറിയില്ല എന്ന് ..നിന്നൊയൊക്കെ പോറ്റാന്‍ വേണ്ടിയാ ഞാന്‍ ഇമ്മാതിരി സാധനങ്ങള്‍ കൈകൊണ്ടു തൊടാത്തത്."

ചെക്കനാണെങ്കില്‍ കേട്ടഭാവം നടിക്കാതെ ഒരു തീപ്പെട്ടികൊള്ളിയെടുത്ത് പല്ലില്‍ തോണ്ടി പാന്‍പരാഗിന്‍റെ ഒരു കഷണം നാക്കിന്‍റെ തുമ്പില്‍ വച്ചു ഫൂ എന്ന് ഊതി തെറിപ്പിച്ചു.കുമാരന്‍ കലികൊണ്ട്‌ കത്തി.നിരനിരയായി തൂക്കിയിട്ട പാന്‍പരാഗിന്‍റെ പായ്ക്കറ്റുകളില്‍ നിന്നു ഒന്നെടുത്തു വായിലേക്ക് തട്ടി.എന്നിട്ട് മകനോട്‌ കണ്ടോടാ എന്ന് ആക്രോശിച്ച് മുന്നോട്ടാഞ്ഞപ്പോള്‍ ചെക്കന്‍ പേടിച്ചലറി കരഞ്ഞു.

"അയ്യോ ,ഓടി വരണേ,അച്ഛന്‍ ഇപ്പൊ ചാകുമേ ..ഓടിവായോ .."

കടയുടെ പരിസരത്തുണ്ടായവര്‍ ഓടിക്കൂടി.കുമാരന്‍റെ വായില്‍ നിന്ന്‌ നുരയും പതയും വരുന്നു.കാര്യമന്വേഷിച്ചപ്പോള്‍ പാന്‍പരാഗ് തിന്നതാണെന്നു ചെക്കന്‍ പറഞ്ഞു .കുമാരന്‍ എന്തോ പറയുന്നുണ്ടായിരുന്നു .പക്ഷെ നുരയും പതയും മാത്രമേ പുറത്തുവന്നുള്ളൂ .ആരോ ഒരു വണ്ടിവിളിച്ചു കുമാരനെ അതില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി..

അങ്ങനെ അനാഥമായികിടന്ന കടയുടെ ഉള്ളില്‍ sunsilk ഷാമ്പുവിന്‍റെ ഒരു ചെറിയ പായ്ക്കറ്റ് പൊട്ടിച്ചിരിച്ചു .