Saturday, 26 November 2011

പതിര്

വെയില്‍ വറ്റി വരുന്നതേയുള്ളൂ
നഗരങ്ങള്‍ ഉണരാനും
ഗ്രാമങ്ങള്‍ ഉറങ്ങാനും പോകുന്നു
ഉറങ്ങുന്നവര്‍ക്ക് മീതെ
ആഷാഢം പെയ്തു തീരുന്നു
ഉണര്‍ന്നവര്‍ക്ക് കീഴെ
പനി പിടിച്ച സ്വപ്‌നങ്ങള്‍
വിറകൊണ്ടു തളരുന്നു
ഇനിയേതഗ്നിപര്‍വ്വതം
ഗര്‍ഭമലസിയൊലിച്ച
ലാവയിലമര്‍ന്നാലുമെനിക്കു
പൊള്ളില്ല
ശിശിരം പിന്നെയുമെത്രയുറഞ്ഞു
തീണ്ടാരിയായാലുമെനിക്കിനി
തണുക്കില്ല
ഉറങ്ങിയ ഗ്രാമവും
ഉണര്‍ന്ന നഗരവും
വയല്‍ക്കിളി കൊത്തിപ്പറന്ന
പതിരാണെനിക്ക് ..

Monday, 21 November 2011

ചില നേരങ്ങള്‍

ചിലപ്പോള്‍ എന്‍റെ
തോന്നലുകള്‍
അശ്വവേഗത്തിന്‍റെ
എണ്ണിയാലൊടുങ്ങാത്ത
ഗുണിതങ്ങള്‍ക്കപ്പുറമാണ്
മറ്റു ചിലപ്പോള്‍
ഇഴഞ്ഞിഴഞ്ഞു തളരും
ഒരു കുതിപ്പിന്
കടല്‍സീമ തകര്‍ത്ത്
പേരറിയാത്തൊരു വന്‍കരയില്‍
ചെന്നു വീണ്
മരണത്തെ കാത്തു കിടക്കാന്‍ തോന്നും !
നീല വിഹായസ്സില്‍
ശീര്‍ഷാസനത്തിലിരിക്കവേ
ഭൂമിയില്‍ പതിച്ചടങ്ങുന്ന
രസമോര്‍ത്തു ചിരിക്കും
ഒരു ചെറുകുളിരില്‍
പ്രണയമാപിനി പിളര്‍ന്ന്
രസമൊരു തീഗോളമായവളുടെ
ചങ്കു തകര്‍ത്തെന്‍റെ
പ്രണയപെരുംചൂടവള്‍ക്ക്
പകരാന്‍ കൊതിതോന്നും
ദൂരെയെവിടെയെങ്കിലുമെന്‍റെ
സഖാവ് കണ്‍നിറച്ചെന്നെ നിനച്ചാല്‍
കഴുത്തറ്റു വീണാലും
ഞാനൊരു വിരല്‍പ്പാടകലെയുണ്ടാകും !
ഇനിയും നിങ്ങള്‍
ഞാനാരെന്ന് ചോദിച്ചാല്‍
ഒരു നല്ല കവിതകേട്ടു
ഉറങ്ങും പോലെമരിക്കാന്‍
കരളില്‍ സ്വയം
കുറിച്ചിട്ടവന്‍
എന്ന് പറയും !!