Monday, 6 June 2011

കാവിലുംപാറ (പി ഒ) 673513

കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്താണ് എന്‍റെ നാടായ കാവിലുംപാറ സ്ഥിതി ചെയ്യുന്നത് .വയനാടിന്‍റെ മലയോരങ്ങള്‍ കാവിലുംപാറയുമായി ചേര്‍ന്ന് നില്‍ക്കുന്നു . .ഈ വഴിയിലൂടെ ടിപ്പുവും പഴശിരാജയും വച്ചുപിടിച്ചിട്ടുണ്ടെന്നാണ് കേള്‍വി .എന്തായാലും ആകെയൊരു പച്ചപ്പാണ് നാട്ടിലാകെ .അതിനെക്കാള്‍ പച്ചയായ മനുഷ്യര്‍ .ആ മനുഷ്യരില്‍ ചിലരെ എനിക്ക് പരിചയപ്പെടുത്തണം എന്ന് തോന്നിയിട്ട് നാളേറെയായി.ചിലകഥകള്‍ ഞാന്‍ കേട്ടതും ചിലത് അനുഭവത്തിലുള്ളതുമാണ്.

കഥാപാത്രങ്ങള്‍ക്ക് ശരിക്കുമുള്ള പേര് വച്ചാല്‍ എനിക്ക് നാട്ടില്‍ വന്‍ സ്വീകരണം ഏര്‍പ്പാടാക്കും എന്നുള്ളതുകൊണ്ട് ആ പരിപാടിക്ക് ഞാനില്ല .പകരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള പേരുകളില്‍ ഒന്നായ ബിജു എന്ന പേര് ഞാന്‍ ഇദേഹത്തിനു നല്‍കുന്നു .

ബിജു ഓട്ടോ ഡ്രൈവറാണ് .മണ്ടത്തരം ജന്മനാ കിട്ടിയ ഒരു വരമായതുകൊണ്ട് അഹങ്കാരമില്ലാതെ അവന്‍ ജീവിക്കുന്നു . മണ്ടന്‍ എന്ന് വിളിക്കുന്നവരോട് ബിജു താന്‍ പണ്ട് തുല്യതാ പരീക്ഷയ്ക്ക് പോയ കഥ അഭിമാനത്തോടെ പറയും.ഒരേയൊരു ചോദ്യത്തിന് മാത്രമേ അവന് ഉത്തരം മുട്ടിയുള്ളൂ .. എന്നാലും ശ്രമിക്കാതിരുന്നില്ല .ചോദ്യം ഇങ്ങനെയായിരുന്നു ,മഹാത്മാ ഗാന്ധിയുടെ മറ്റൊരു പേര് ?ബിജുവിന്‍റെ ഉത്തരം :ജവഹര്‍ ലാല്‍ നെഹ്‌റു !!
ബാക്കിയെല്ലാ ചോദ്യത്തിനും ഉത്തരമില്ലാത്തത് കൊണ്ട് ഉത്തരം മുട്ടിയില്ലത്രേ !

കാവിലുംപാറയുടെ ഏതു മുക്കും മൂലയും ബിജുവിന് കണ്ണുംപൂട്ടി അറിയാം എന്നുള്ളതുകൊണ്ട് ഓട്ടോയ്ക്ക് നല്ല ഓട്ടമാണ്.സേട്ടുവിന്‍റെ കയ്യില്‍ നിന്നും അടവിട്ടാണ് ഓട്ടോ എടുത്തത് ..ജീവിത ചെലവു കൂടി വന്നപ്പോ, (അതായത് പെണ്‍കുട്ടികള്‍ കൂടുതലും ഓട്ടോയില്‍ കയറുമ്പോള്‍ ) ഓട്ടം കൂടുകയും തുട്ട് കുറയുകയും ചെയ്തപ്പോള്‍ ബിജുവിനെ സേട്ടുവിന്‍റെ കുട്ടികള്‍ വന്നൊന്നു വിറപ്പിച്ചു .

വിറപ്പിക്കല്‍ വിട്ട് തോണ്ടാന്‍ തുടങ്ങിയപ്പോള്‍ അതി സാഹസികമായി ബിജു ഓട്ടോ മാമ്പിലാട്ടെ കുന്നിലെത്തിച്ചു .
സേട്ടുവിന്‍റെ ബാപ്പ പോയിട്ട് ബിജുവിന് തന്നെ ഇനി കണ്ടുപിടിക്കാന്‍ സാധിക്കില്ല എന്ന നിലയില്‍ ഓട്ടോ ഒളിപ്പിച്ചു അങ്ങാടിയില്‍ വന്നു ചോയിയേട്ടന്‍റെ കടയില്‍ നിന്നും ഇലയട തിന്നുമ്പോള്‍ മുന്നില്‍ കണ്ട പത്രത്തില്‍ കണ്ണുടക്കി .

പിന്നെ ഒരോട്ടമായിരുന്നു .
കണ്ടവരോടൊക്കെ അവന്‍ വിളിച്ചു പറഞ്ഞു "രക്ഷപ്പെട്ടു ,ഇനി വണ്ടിയുടെ അടവടയ്ക്കണ്ട ,സേട്ട് മരിച്ചു. "ചോയിയേട്ടന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു "ഡാ ,അത് മറ്റേ സേട്ടാ ,ഇബ്രാഹിം സുലൈമാന്‍ സേട്ട് ".
അങ്ങനെ സേട്ടുവിന്‍റെ കുട്ടികള്‍ ആദ്യമായി മാമ്പിലാട്ടെ കുന്നു കണ്ടു എന്നാണ് ചരിത്രം.--
www.prashobfoto.blogspot.com

4 comments:

  1. ഹി ഹി ഹി കൊള്ളാം

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. വളരെ രസകരമായി എഴുതിയിരിക്കുന്നു പ്രശോഭ്....വിഷയം തികച്ചും ഹാസ്യാത്മകമായി അവതരിപ്പിക്കാനുള്ള കഴിവ് ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു.....പെട്ടെന്നു വായിച്ചു തീർന്നപ്പോൾ കുറച്ചുകൂടി ആകാമായിരുന്നു എന്നൊരു തോന്നൽ.... നാട്ടിൻ‌പുറത്തെ ഈ ഒരു കഥാപാത്രത്തിൽ ഒതുക്കാതെ മറ്റുള്ളവരും കടന്നുവന്നിരുന്നെങ്കിൽ ഒരു സദ്യതന്നെ ആകുമായിരുന്നു എന്നു തോന്നിപ്പോയി.....എന്തായാലും അഭിനന്ദനങ്ങൾ.....നന്മകൾ......കണ്ണൻ....

    ReplyDelete