Wednesday 20 July 2011

ചോയിയേട്ടന്‍


കണ്ടക്റ്റര്‍ ആകെ ദേഷ്യത്തിലാണ് .ബസ്സില്‍ ആകെ അഞ്ചാറു പേര്‍ കയറിയിട്ടുണ്ട്.അതില്‍ മുക്കാലും പി.സി കളാണ് .കൈനീട്ടം മുറിക്കാന്‍ പോലും ഒരാളില്ലേ എന്ന് തപ്പുമ്പോള്‍ ഒരു സീറ്റില്‍ മുടിനരച്ച ഒരാള്‍ ഇരിക്കുന്നു.സീറ്റില്‍ ചാരിനിന്ന് എങ്ങോട്ടാന്നു ചോദിച്ചപ്പോ അയാള്‍ പറഞ്ഞു
"പി .സി ".
കണ്ടക്റ്റര്‍ ഒച്ചയുയര്‍ത്തി അയാളോട് ചോദിച്ചു,
"എന്ത് പി. സി,യാത്രക്കാര്‍ എല്ലാവരും പി. സി എന്നുപറഞ്ഞാല്‍ ഞാന്‍ എവിടെപോകും ?"
അയാള്‍ കീശയില്‍ നിന്നും കാശെടുത്ത് കണ്ടക്റ്ററോട് കളിയാക്കി ചോദിച്ചു "താനെന്തിനാ ചൂടാകുന്നെ ,ഞാന്‍ പി.സി തന്നാ-പുഴക്കല്‍ ചോയി ."
കണ്ടക്റ്റര്‍ക്ക് ചോയിയേട്ടനെ ശ്ശി പിടിച്ചു .അങ്ങനെ അടുത്തിരുന്ന് ചോയിയേട്ടനുമായി അടുത്തു .കുറച്ച് ദൂരം ചെന്നപ്പോള്‍ ചോയിയേട്ടന്‍റെ കമ്പനിക്കാരന്‍ കണാരേട്ടന്‍ കള്ളുഷാപ്പിന്‍റെ മുപില്‍ നില്‍ക്കുന്നു.ചോയിയേട്ടന്‍റെ മനസ്സില്‍ ഒരു കള്ളുംകുടം പൊട്ടി !മൂപ്പര്‍ കണ്ടക്റ്ററെ അടുത്തു വിളിച്ചു പറഞ്ഞു.

"അതേയ് ,എന്‍റെ ചങ്ങായി കണാരന്‍ കള്ളുഷാപ്പില്‍ പോകേണ്ട പരിപാടിയാ,മണിയടിക്ക്,എനിക്കിവിടെ ഇറങ്ങണം."

ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സാണിതെന്നും,ഡ്രൈവര്‍ മഹാ പെശകാണെന്നും കണ്ടക്റ്റര്‍ ഒഴിവു പറഞ്ഞു നോക്കി .അപ്പൊ ചോയിയേട്ടന്‍ ഒരു പോംവഴി പറഞ്ഞു.

"ഡ്രൈവര്‍ കേള്‍ക്കാതെ മെല്ലെ ഒരു മണികൊടുക്ക്..ഞാന്‍ ചാടി ഇറങ്ങിക്കോളാം"

ഇമ്മാതിരി ഒരു സാധനമാണ് ചോയി.നാട്ടിലെ ചോയിയേട്ടന്‍.മൂപ്പര്‍ പറയുന്ന കാര്യങ്ങള്‍ എന്തുതന്നെയായാലും അതില്‍ നര്‍മ്മമുണ്ടാകും .മാത്രമല്ല ഭയങ്കര പൊട്ടികണ്ണാണ് ആള്‍ക്ക്.താറിനേക്കാള്‍ കറുത്ത കരിനാക്കുമുണ്ട്.

ഞാന്‍ ആദ്യം ചോയിയേട്ടനെ കാണുന്നത് എന്‍റെ വീട്ടില്‍ വച്ച് തന്നെയാണ് .വീട്ടില്‍ ഒരു മുയല്‍ കുറെ കുഞ്ഞുങ്ങളെ പെറ്റിട്ടു.നല്ല വെളുവെളുത്ത അമ്മമുയല്‍ അതിലേറെ വെളുത്ത കുഞ്ഞു മുയലുകളെ മുലയൂട്ടുകയാണ് !ഈ കാഴ്ചയാണ് ചോയിയേട്ടന്‍ കാണുന്നത് ."വെള്ളപിഞ്ഞാണം നിലത്തു വീണത്‌ പോലുണ്ട്. "രണ്ടു ദിവസത്തിനുള്ളില്‍ അമ്മമുയലിനെയടക്കം കുറുക്കന്‍ പിടിച്ചു തിന്നു.അതാണ്‌ ചോയിയേട്ടന്‍റെ നാക്ക്.

ഒരു ദിവസം ചോയിയേട്ടന്‍ അങ്ങാടിയില്‍ നില്‍ക്കുമ്പോള്‍ ഒരു കാഴ്ചകണ്ടു.നാലഞ്ചു കറുത്ത ആളുകള്‍ ബസ്റ്റോപ്പിലെ ബഞ്ചില്‍ നിരനിരയായി ഇരിക്കുന്നു.അടുത്തുനിന്ന ഒരാളെ തോണ്ടി ചോയിയേട്ടന്‍ ബസ്റ്റോപ്പിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു

"നോക്കെടോ ,കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ അരിഷ്ട്ട കുപ്പി വച്ചത് പോലുണ്ട് ..ല്ലേ ?"

ബസ്റ്റോപ്പില്‍ ഇരുന്ന ആളുകളില്‍ ഒരാളെ പിറ്റേന്ന് കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മുന്‍പില്‍ വച്ച് ഓട്ടോ ഇടിച്ചത്രേ !!

ചോയിയേട്ടനെ ഏറ്റവും പേടി അമ്മദിനായിരുന്നു.കാരണം അമ്മദ് ഭയങ്കര പൊക്കത്തിനുടമയാണ് .കരിനാക്ക് വളച്ച് ആ പഹയന്‍ തന്നെക്കൊണ്ട് ഒന്നും പറയരുതേ പടച്ചോനെ എന്ന് അമ്മദ് ചോയിയേട്ടനെ കാണുമ്പോള്‍ ഒക്കെ അള്ളാനോട് പറയും
.അമ്മദിന് നേരെ വിപരീതം വേറെ ഒരാള്‍ ഉണ്ട്. .ചെക്കോട്ടി.തടിച്ചു പൊക്കം കുറഞ്ഞ് ഏതാണ്ട് അമ്മദിന്‍റെ കാല്‍മുട്ട് വരയെ ആള്‍ ഉള്ളൂ .ഒരു ദിവസം അമ്മദ് ചെക്കോട്ടിയുടെ കയ്യും പിടിച്ചു നടന്നു പോകുന്നത് ചോയിയേട്ടന്‍ കണ്ടു .ഇത് കണ്ടുനിന്നവര്‍ക്ക് ആധിയായി.ഒന്നുകില്‍ ചെക്കോട്ടി അല്ലെങ്കില്‍ അമ്മദ്.രണ്ടിലൊരാളുടെ കാര്യം ഇപ്പൊ തീരുമാനമാകും.അപ്പോഴേക്കും അമ്മദിനോട് ചോയിയേട്ടന്‍റെ ചോദ്യം വന്നു .

"എവിടെക്കാ അമ്മദേ പെട്രോള്‍മാക്സും തൂക്കി പിടിച്ച്?"

ചെക്കോട്ടി പനിപിടിച്ചു ഗവ:ആശുപത്രിയില്‍ കിടപ്പിലായപ്പോള്‍ അമ്മദ് ബണ്ണും വാങ്ങി ചെക്കൊട്ടിയെ സന്ദര്‍ശിക്കാന്‍ പോയി.പഴകിദ്രവിച്ച സീലിംഗ് ഫാന്‍ തലയില്‍ പൊട്ടിവീണ് എട്ടു തുന്നോട് കൂടി ഇനിയൊരാപത്തു വരാന്‍ പാടില്ല എന്ന നിശ്ചയത്തോട് കൂടി അമ്മദ് മെഡിക്കല്‍ കോളേജിന്‍റെ പൊട്ടിവീഴാന്‍ പാകമായ കട്ടിലും,ഫാനും ഉപേക്ഷിച്ച് പത്രം തറയില്‍ വിരിച്ച് വരാന്തയില്‍ കിടന്നു .അതുവഴിപോയ ഒരു തലതെറിച്ച ചെക്കന്‍ ക്രിക്കറ്റ്ബോള്‍ ഭിത്തിയിലെറിഞ്ഞു പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബോള്‍ വഴുതി അമ്മദിന്‍റെ തുന്നിക്കെട്ടിയ തലയില്‍ പതിച്ചു.
പാവം ചോയിയേട്ടന്‍ അമ്മദിന്‍റെ വിവരമറിയാന്‍ മെഡിക്കല്‍ കോളെജിലേക്ക് അങ്ങാടിയില്‍ നിന്നും ബസ്സില്‍ കയറി .

7 comments:

  1. കരി നാക്ക്...:)

    ReplyDelete
  2. കടുപ്പം പിടിച്ച നാക്ക്. പണ്ടൊന്നും ഇതില്‍ തീരെ വിശ്വാസമില്ലായിരുന്നു. പിന്നീട് ചിലരെ, ചിലതൊക്കെ കണ്ടപ്പോള്‍, വിശ്വസിക്കാതെ തരമില്ലെന്നായി. പിന്നെ, എഴുതിവരുമ്പോള്‍ എവിടെയോവച്ച് മുറിഞ്ഞുപോകുന്നപോലെ അവസാനിപ്പിക്കാതെ നോക്കണം.
    (വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റണേ...)

    ReplyDelete
  3. ഒള്ളത് തന്നെ ?? :). രസമുണ്ട് ........സസ്നേഹം

    ReplyDelete
  4. കൊള്ളാം.. കുറച്ചൂടെ ഭംഗിയായി അവതരിപ്പിക്കാനുള്ള ത്രെഡ് ഉണ്ടായിരുന്നു...

    ReplyDelete
  5. ഇത്രൊക്കെ എഴുതാൻ കഴിവുണ്ടായിട്ടാണോ?? എട്ടും പൊട്ടും തിരിയാത്ത ഞമ്മൾ വരെ എഴുതുന്ന്ണ്ട്.. പിന്നെയാണോ നിങ്ങൾ..? എഴുതൂ.. ഞങ്ങളുണ്ട് വായിക്കാൻ....

    ReplyDelete